മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ മൻമോഹൻ സിംഗ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്ന അദ്ദേഹം ധനമന്ത്രി ഉൾപ്പെടെയുള്ള വിവിധ പദവികളിലും സേവനമനുഷ്ഠിച്ചു, വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു. പാർലമെൻ്റിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായി രുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി, നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
വ്യാഴാഴ്ച രാത്രി 8 മണിയോടെ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് അദ്ദേഹം. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി.