നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടർന്ന്, രാജ്യത്തെ സ്വകാര്യ ഇന്ധന വിൽപനയിൽ പ്രമുഖരായ നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു വിലക്കുറവ് ഇന്ധനക്കമ്പനിപ്രഖ്യാപിക്കുന്നത്.പശ്ചിമേഷ്യയലെ സംഘർഷങ്ങൾക്ക് അയവുവന്നതോടെ ആഗോള വിപണിയിൽ അസംസ്കൃതഎണ്ണയുടെ വിലയിൽ വന്ന കുറവാണ് ഈതീരുമാനത്തിന് വഴിയൊരുക്കിയത്. നയാരഎനർജിയുടെ രാജ്യമെമ്പാടുമുള്ള 7,000-ത്തിലധികം ഇന്ധന സ്റ്റേഷനുകളിൽ ഇതിനകം പുതുക്കിയ വില പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഓരോസംസ്ഥാനത്തെയും പ്രാദേശികനികുതികൾക്കനുസരിച്ച് പമ്പ് വിലയിൽ ചെറിയവ്യത്യാസങ്ങൾ ഉണ്ടാകാം.
യുദ്ധസാഹചര്യങ്ങളെത്തുടർന്ന് അടഞ്ഞുകിടന്നിരുന്ന പ്രധാനപ്പെട്ട സമുദ്രപാതകൾ തുറന്നതോടെ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത വീണ്ടും സാധാരണ നിലയിലായിട്ടുണ്ട്. ഇത് വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാനും അന്താരാഷ്ട്ര വിപണിയെ സ്ഥിരപ്പെടുത്താനും സഹായിച്ചതിനെ തുടർന്നാണ് നിലവിൽ മാറ്റങ്ങൾ വന്നിട്ടുള്ളത്.അതേസമയം പൊതുമേഖലാ ഇന്ധന കമ്പനികൾ നിലവിൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ ഭീമന്മാർ രാജ്യത്തെ ഇന്ധന വിപണിയുടെ 90 ശതമാനത്തിലധികം നിയന്ത്രിക്കുന്നുണ്ടെങ്കിലും അവർ നിലവിലെ നിരക്കുകൾ തന്നെയാണ് തുടരുന്നത്. ഡൽഹിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമാണ് ഇപ്പോഴും ഈടാക്കുന്നത്.