പുത്തൻ പ്രതീക്ഷകളും പുതു ഉയരങ്ങൾ താണ്ടാനുള്ള ആഗ്രഹവുമായി കേരളം പുതുവർഷത്തെ വരവേറ്റു
കൊച്ചി : പുത്തൻ പ്രതീക്ഷകളും പുതു ഉയരങ്ങൾ താണ്ടാനുള്ള ആഗ്രഹവുമായി കേരളം പുതുവർഷത്തെ വരവേറ്റു. മണ്ണിലും വിണ്ണിലും താരകങ്ങൾ ചിരി തുകി. 2025ന് ഗുഡ്ബൈ. വികസന ത്തിന്റെയും ക്ഷേമത്തിൻ്റെയും ചിറകിൽ നവകേരള ലക്ഷ്യത്തിലേക്ക് നീങ്ങുന്ന നാടും നഗരവും 2026നെ സ്വാഗതം ചെയ്തത് അതിരറ്റ ആഹ്ലാദത്തോടെ.
പസഫിക് ദ്വീപ് സമൂഹമായ കിരിബാത്തി യിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4.30 വരെ നീളും വിവിധ രാജ്യങ്ങളിലെ പുതുവത്സരപ്പിറവികൾ. കിരിബാത്തിയിൽ പുതുവർഷം പിറന്നത് ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 3.30ന്. പിന്നാലെ ന്യൂസിലാൻഡിലും റഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലും പുതുവർഷമെത്തി. ജപ്പാനും ഇരുകൊറിയകൾക്കും ചൈനയ്ക്കും സിംഗപ്പൂരിനും ശേഷമാണ് ഇന്ത്യയിൽ പുതുവർഷമെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമെത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണിത്.
പുതുവർഷത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും വിപുലമായ ആഘോഷം. ബീച്ചകളിൽ ജനം തിങ്ങി കൂടി. സ്വകാര്യ ഹോട്ടലുകളിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കോവളം ബീച്ചിൽ പുതുവത്സരത്തെ വരവേൽക്കാൻ നിരവധി പേരാണ് എത്തിയത്. പോലീസിൻ്റെ കർശന നിയന്ത്രണത്തിൽ ആയിരുന്നു ആഘോഷങ്ങൾ. നാലു ദിക്കിലും ആകാശത്ത് വർണവിസ്മയം തീർത്തുകൊണ്ടാണ് ബീച്ചിൽ 2026 നെ സ്വീകരിച്ചത്. ശംഖുമുഖം, വർക്കല, വെള്ളാർ, നെയ്യാർ ഡാം, പൊന്മുടി എന്നിവിടങ്ങളിലും പരിപാടികൾ നടന്നു. കൊല്ലം തങ്കശ്ശേരി ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ആയിരങ്ങളാണ് തടിച്ചുകൂടിയത്. മുതാക്കര പള്ളിയിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചു. വാടി ഹാർബറിൽ ഗാനമേള ഉണ്ടായിരുന്നു. മലബാറിന്റെ തീരങ്ങളും തെരുവുകളും ആവേശക്കടലായി മാറി . കോഴിക്കോട് ബീച്ചിലാണ് ആവേശം അല തല്ലിയത്. റാപ്പർ വേടന്റെ പാട്ടും മറ്റുമായി വയനാടും പങ്കുചേർന്നു. പുതിയൊരു വർഷത്തിലേക്ക് പൊലിമയൊട്ടും ചോരാതെയാണ് മലബാറും കണ്ണുതുറന്നത്. കണ്ണൂരും കാസർകോടും മലപ്പുറത്തും പാലക്കാടുമെല്ലാം പുതുവത്സരാഘോഷം പൊടിപൊടിച്ചു.