ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭ യോഗങ്ങൾക്ക് തുടക്കമായി
ന്യൂ മാഹി:ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2026-’27 വാർഷിക പദ്ധതിയുടെ ഭാഗമായ വിവിധ പദ്ധതികളിലേക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഗുണഭോക്തൃ ഗ്രാമസഭ യോഗങ്ങൾക്ക് ഞായറാഴ്ച തുടക്കം കുറിച്ചു. ഞായറാഴ്ച വൈകിട്ട് 3.30 ന് ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ വച്ച് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഏടന്നൂർ വാർഡ് തല ഗ്രാമസഭ ചേർന്നുകൊണ്ട് നടന്നു. തലശ്ശേരി എംഎൽഎ കാരായി രാജൻ ഗ്രാമസഭ യോഗങ്ങളുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. പുതിയ കാലത്തെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുടെ തനത് വരുമാനം വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട് എന്ന് കാരായി രാജൻ എംഎൽഎ അഭിപ്രായപ്പെട്ടു. ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തകർന്ന ഗ്രാമീണ റോഡുകളുടെ റീസ്റ്റോറേഷൻ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമസഭ യോഗത്തിൽ വച്ച് എംഎൽഎ ജനങ്ങളോട് നേരിട്ട് സംവദിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ഗ്രാമസഭയിൽ വച്ച് 25 അംഗ വാർഡ് വികസന സമിതിയും രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, മെമ്പർമാരായ വി മിനി, എ സി രേഷ്മ, പി കെ സുനിത, വൈശാഖ് മുരളീധര, ഷർമില അഫ്സർ, കെ എം അപർണ എന്നിവർ പങ്കെടുത്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രീജ സ്വാഗതവും ഗ്രാമസഭ കോഡിനേറ്റർ കെ സുനിത നന്ദിയും പറഞ്ഞു.