ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് കേരളത്തിന്; ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളാണ് കേരളത്തെ പ്രതിനിധീകരിച്ച് മിന്നുന്ന വിജയം കെെവരിച്ചത്
ന്യൂഡൽഹി : ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് കേരളത്തിന്. ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്കൂളിനെ രണ്ട്ഗോളുകൾക്കാണ് കേരളം തകർത്തത്. കോഴിക്കോട് ജില്ലയിലെ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളാണ് കേരളത്തെ പ്രതിനിധീകരിച്ച് മിന്നുന്ന വിജയം കെെവരിച്ചത്. 20 – ജോൺ സീന. 60’ – ആദി കൃഷ്ണ എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്. അണ്ടർ 17 ആൺകുട്ടികളുടെ ഫൈനലിലാണ് കേരളം ചരിത്രം വിജയം കെെവരിച്ചത്. ന്യൂഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽ വൈകിട്ട് ആറിനാണ് കിരീടപ്പോരാട്ടം നടന്നത്.
കേരളത്തിന്റെ ഫുട്ബോൾ യാത്രയിലെ ഒരു സുവർണ്ണ അധ്യായമാണ് ഈ വിജയം, ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടിയ കേരള ടീം.വഴങ്ങിയത് 2 ഗോളുകൾ മാത്രം ഇത് ടീമിന്റെ പ്രതിരോധ മികവാണ് എടുത്തുകാണിക്കുന്നു.വി പി സുനീർ ആണ് ടീം ഹെഡ് കോച്ച് മനോജ് കുമാർ ആണ് ഗോൾ കീപ്പർ കോച്ച്, ഫിസിയോ നോയൽ സജോ, ടീം മാനേജർ അഭിനവ്, ഷജീർ അലി, ജലീൽ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകൾ. മുഹമ്മദ് ജസീം അലി ആണ് ടീം ക്യാപ്റ്റൻ. ഒറ്റക്കളിയും തോൽക്കാതെയാണ് ടീം ഫൈനലിലെത്തിയത്. ടൂർണമെന്റിൽ 37 ടീമുകൾ എട്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു മത്സരം. സംസ്ഥാന ടീമുകൾക്ക് പുറമേെ ശ്രീലങ്ക, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽനിന്നുള്ള സ്കൂൾ ടീമുകളുമുണ്ടായിരുന്നു. ആതിഥേയരായ ഡൽഹിയെ 2–1നും റണ്ണറപ്പായ മേഘാലയയെ 1–1നും കീഴടക്കിയാണ് കേരളം തുടങ്ങിയത്.
ഛത്തീസ്ഗഢിനെ ഒരുഗോളിന് തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലേക്ക് മുന്നേറി. ലക്ഷദ്വീപിനെ ഒരുഗോളിന് പരാജയപ്പെടുത്തി സെമിയിൽ കടന്നു. മിസോറമിനെ ഒറ്റഗോളിന് മറികടന്നാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. കേരളം 11 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കിരീടപ്പോരിന് അർഹതനേടുന്നത്. മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ 2014ൽ ഫൈനൽ കളിച്ചിട്ടുണ്ട്. അന്ന് ബ്രസീൽ സ്കൂൾ ടീമിനോട് ഷൂട്ടൗട്ടിൽ തോറ്റു. 2012ലും എംഎസ്പി സ്കൂൾ ഫൈനലിലെത്തിയിരുന്നു. എന്നാൽ, ഉക്രെയ്നിൽനിന്നുള്ള സ്കൂളിനോട് പരാജയപ്പെട്ടു.