നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം; മറ്റന്നാൾ വോട്ടെടുപ്പ്
നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂർ ടൗണ്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ മുന്നണികൾക്കായി പൊലീസ് വേർതിരിച്ച് നൽകിക്കഴിഞ്ഞു. നിലമ്പൂർ മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ 7 ഡിവൈഎസ്പിമാർ, 21 ഇൻസ്പെക്ടർമാർ ഉൾപ്പടെ മൊത്തം 773 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക. എന്നാൽ പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുമ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ കൊട്ടിക്കലാശത്തിന് ഉണ്ടായേക്കില്ല. സമയം അമൂല്യമായതിനാല്‍ കലാശക്കൊട്ടിന്റെ സമയം കൂടി വീടുകള്‍ കയറി പ്രചാരണം നടത്താനാണ് അൻവറിന്റെ പദ്ധതി. പൊതു ജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും അന്‍വര്‍ അറിയിച്ചു.