നിപ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി; രോഗിയുമായി സമ്പർക്കത്തിലായ 214 പേർ നിരീക്ഷണത്തിൽ
മലപ്പുറം : മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളില്‍ നിയന്ത്രണമേർപ്പെടുത്തി. നിലവില്‍ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരില്‍ 60 പേർ ഹെെറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവ്, മാതാവ്, അമ്മാവൻ എന്നിവർ ക്വാറന്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെയും നിരീക്ഷണത്തിലാക്കി. ഈ കുട്ടിക്ക് പനിബാധയുള്ളതിനാല് സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു.
മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക് ധരിക്കണമെന്ന് കർശന നിർദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിർദേശവും നല്‍കിയിട്ടുണ്ട്. കടകള്‍ രാവിലെ 10 മുതല്‍ അഞ്ച് മണിവരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. മുൻകൂട്ടി തീരുമാനിച്ച പരിപാടികള്‍ക്ക് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.
ജൂലായ് 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരന് പനി ബാധിച്ചത്. 12ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15ന് ഇതേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്ബിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വെെറോളജി ലാബില്‍ നിന്നുള്ള ഫലത്തിലും നിര രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷൻ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐസിയുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോഗബാധ സംശയത്തെ തുടർന്ന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ മുൻപ് തന്നെ ആരംഭിച്ചിരുന്നു. കുട്ടിക്ക് രോഗബാധയുണ്ടായത് വയനാട്ടിലേക്കുള്ള ടൂറിനിടെ കഴിച്ച അമ്ബഴങ്ങയില്‍ നിന്നാണെന്നാണ് സംശയം. ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.