ഏഴ് സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ സഖ്യത്തിന് മികച്ച മുന്നേറ്റം
ഏഴ് സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ സഖ്യത്തിന് മികച്ച മുന്നേറ്റം. 13 നിയമസഭാ സീറ്റുകളില്‍ 11 ഇടത്തും ഇന്ത്യാ സഖ്യത്തിന് വ്യക്തമായ ലീഡ്. ഹിമാചലിലെ ഹാമിര്‍പുരില്‍ മാത്രം ബിജെപി ലീഡ് ചെയ്യുമ്പോള്‍ ബിഹാറിലെ രൂപൗലിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. ബംഗാളില്‍ നടന്ന നാല് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. ഹിമാചലില്‍ നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തും കോണ്‍ഗ്രസ് മുന്നേറുന്നു. ഉത്തരാഖണ്ഡിലെ ബദരീനാഥിലും മംഗളൂരുവിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
പഞ്ചാബിലെ വെസ്റ്റ് ജലന്ദറില്‍ ആംആദ്മി സ്ഥാനാര്‍ത്ഥി മൊഹിന്ദര്‍ ഭഗത് 37,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തി. തമിഴ്നാട്ടിലെ വിക്രവണ്ടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ ലീഡുണ്ട്. മധ്യപ്രദേശിലെ അമര്‍വാര മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ എംഎല്‍എ കമലേഷ് ഷായ്ക്കും തിരിച്ചടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം വെസ്റ്റ് ബിഹാറിലെ രൂപൗലിയില്‍ ജെഡിയു, ആര്‍ജെഡി പാര്‍ട്ടികളെ പിന്തളളി സ്വതന്ത്രസ്ഥാനാര്‍ത്ഥി ശങ്കര്‍ സിംഗ് ആണ് മുന്നില്‍.