പൊലീസുകാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം നിയമപാലനത്തെ ബാധിക്കുന്നുണ്ടെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസുകാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം നിയമപാലനത്തെ ബാധിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 88 പൊലീസുകാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തുവെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. പൊലീസില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോയെന്നും വി ഡി സതീശന് ചോദിച്ചു. ‘പൊലീസിന് മേലുള്ള സമ്മര്‍ദ്ദം ക്രമസമാധാന പാലനത്തെയും സ്റ്റേഷനില്‍ പരാതിയുമായി എത്തുന്ന ജനങ്ങളെയും ബാധിക്കുന്നതാണ്. കുട്ടന്‍പിള്ള പൊലീസിന്റെ കാലമല്ല ഇത്. കാന്‍സര്‍ രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അവധി ലഭിക്കാതെ ജീവനൊടുക്കിയ പൊലീസുകാര്‍ വരെയുണ്ട്. ട്രെയിനിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഷ്കരണം വേണം.’ വി ഡി സതീശന് ആവശ്യപ്പെട്ടു.
അനധികൃതമായ സ്ഥലം മാറ്റമാണ് പൊലീസില്‍ നടക്കുന്നത്. ബാഹ്യമായ ഇടപെടല്‍ പൊലീസില്‍ ഇല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ. പൊലീസില്‍ എസ്പിയെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാ കമ്മിറ്റികളും എസ്എച്ച്ഒമാരെ ഏരിയാ കമ്മിറ്റികളുമല്ലേ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് സംവിധാനത്തെക്കുറിച്ചും മേല്‍ ഉദ്യോഗസ്ഥരെക്കുറിച്ചും നിരവധി പരാതിയുണ്ട്. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് തള്ളിനീക്കാതെ ജോലി ഭാരത്തെ നിര്‍വചിക്കണം. എന്നാല്‍ വിഷയത്തെ മുഖ്യമന്ത്രി ലഘൂകരിക്കുകയാണ്. ഇതിലൊന്നും സർക്കാർ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടു.