ഈ വർഷത്തെ ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍. 12 വരെയാണ് പരീക്ഷ നടത്തുക. എട്ടാം ക്ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തും. 13 മുതല്‍ 22 വരെയാണ് ഓണാവധി. 23-ന് സ്കൂളുകള്‍ തുറക്കും. സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ ചർച്ച ചെയ്ത് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യാപക സംഘടനാ യോഗത്തില്‍ വ്യക്തമാക്കി.
എട്ടാം ക്ലാസില്‍ ഈ വർഷം മുതല്‍ ഓള് പാസ് സമ്ബ്രാദയം നിർത്തിലാക്കുമെന്നും മിനിമം മാർക്ക് ലഭിക്കാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026 – 27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും പാസാകാൻ കുറഞ്ഞത് 30 ശതമാന മാർക്കെന്ന നിബന്ധന നടപ്പാക്കാനാണ് തീരുമാനം. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും