ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ഓണം വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേയെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന ഓണ സങ്കൽപ്പം എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ഓണാശംസകൾ നേർന്നു. ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹോദര്യത്തിന്റെ യും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നത്.