ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം
ന്യൂഡൽഹി : ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം.
സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദിസര്‍ക്കാരിന്റെ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനും തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചുകൊണ്ടാണ് കോവിന്ദ് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
മൂന്നാം മോദി സര്‍ക്കാരിന് തീരുമാനം നടപ്പാക്കുന്നതിന് ഘടകകക്ഷികളുടെ പിന്തുണ ആവശ്യമാണ്. ആശയത്തെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍-യു ദേശീയ വര്‍ക്കിങ് പ്രസിഡന്റും രാജ്യസഭാ എം.പി.യുമായ സഞ്ജയ് ഝായും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. അങ്ങനെ വിഷയം സംബന്ധിച്ച് എന്‍ഡിഎയിലെ വെല്ലുവിളി ഒഴിഞ്ഞതോടെയാണ് മന്ത്രിസഭയുടെ അംഗീകാരം വന്നിരിക്കുന്നത്. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ ഭരണഘടനാ ഭേദഗതികള്‍ക്കാവശ്യമായ അംഗബലം ലോക്സഭയിലോ രാജ്യസഭയിലോ നരേന്ദ്രമോദിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.