ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകൾക്കെതിരെ ശക്തമായ നിയമ നടപടി
തിരുവനന്തപുരം: അനധികൃതമായി സ്പാ നടത്തി ലൈംഗിക ചൂഷണം വ്യാപകമാകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്നുനാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുന്നുണ്ട്. യാതൊരു നിയമവും പാലിക്കാതെ സ്പാ നടത്തുന്നു. ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കോവളത്ത് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് പൊലീസ് പരിശോധന കടുപ്പിക്കുന്നത്.പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യാനും ആളുകളെ വഞ്ചിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും പലയിടങ്ങളിലും സ്പാകൾ പ്രവർത്തിക്കുകയാണ്. നിരവധി പരാതികൾ ഉയർന്നുവരികയാണ്. ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകൾക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും യാതൊരു നിയമം പാലിക്കാതെ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.ആലപ്പുഴയിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തിലും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ തഹസിൽദാരോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക് സഹായം ആവശ്യമെങ്കിൽ ഇടപെടൽ നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.