ഓപ്പറേഷന് തൂഫാനിലൂടെ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറഞ്ഞു: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കണ്ണൂര്‍:സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷന് തൂഫാന് തുടങ്ങിയത് മുതല്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും റോഡപകടങ്ങളും വന്‍തോതില്‍ കുറഞ്ഞതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യ സംഗമം ‘ജീവിതമാണ് ലഹരി, കളിയാണ് ലഹരി ‘ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഓപ്പറേഷന് തൂഫാനിലൂടെ സമൂഹത്തില്‍ ഒമ്പത് ശതമാനത്തോളം കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി വ്യക്തമായി. അതോടൊപ്പം പത്ത് ശതമാനത്തോളം റോഡപകടങ്ങളും കുറഞ്ഞു. ഇതൊരു ചെറിയ കാര്യമല്ല. ലഹരി മാഫിയ വലിയ തോതില്‍ നാടിനെയാകെ കീഴ്പ്പെടുത്തുന്ന കാലത്തില്‍ നിന്നും നാട് ഏറെ മാറുകയാണ്. മുമ്പ് ലഹരി മാഫിയകളെ ഭയന്ന് ജനങ്ങള്‍ ഓടിമറയുന്നതായുന്നു രീതി. എന്നാല്‍ ഇന്ന് ജനങ്ങളെ ഭയന്ന് ലഹരി മാഫിയ ഓടി ഒളിക്കുകയാണ്. ജനങ്ങള്‍ ഒന്നാകെ ലഹരിക്കെതിരെ പോരാടാന്‍ തുടങ്ങിയിരിക്കുന്നു. ലഹരി മാഫിയയില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനായുള്ള പരിശ്രമമാണിത്. ലഹരിക്കെതിരെ ജനങ്ങള്‍ തോളോട് തോളു ചേര്‍ന്ന് അണിനിരക്കണം. കേരളത്തിന്റെ യുവത്വത്തെ രക്ഷിക്കാന്‍ എല്ലാവരും കൂട്ടമായി മുന്നിട്ടിറങ്ങണം. ജാതി മത വേര്‍തിരിവുകളില്ലാതെ, രാഷ്ട്രീയ കക്ഷിഭേദമന്യേ ഈ വിപത്തിനെതിരേ അണിനിരക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് മാഫിയകളെ തളയ്ക്കാനായാല്‍ സംസ്ഥാനത്ത് സമാധാനം പുലരും. കേരളത്തിന്റെ മണ്ണില്‍ നിന്നും ലഹരി മാഫിയകളെ വേരോടെ പിഴുതെറിയുന്നത് വരെ ഓപ്പറേഷന് തൂഫാന് തുടരും. എല്ലാ പഞ്ചായത്തുകളും വാര്‍ഡുകളും ഈ ഉദ്യമം ഏറ്റെടുക്കണം. ഇവിടങ്ങളിലേക്കും ഈ ക്യാംപെയിന് താമസിയാതെ വ്യാപിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഈ ഉദ്യമത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തികളില്‍ പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയെയും പങ്കെടുപ്പിച്ച് ഓപ്പറേഷന് തുഫാന്‍ മഹാസംഗമം എറണാകുളത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. കെ.സുധാകരന് എം.പിയെ തുഫാന്‍ വാരിയറായി ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ബാഡ്ജ് അണിയിക്കുകയും ചെയ്തു. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ അഡ്വ. പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് മാലിന്യപ്രശ്ന പരിഹാര ആപ്ലിക്കേഷന്‍ ‘നെല്ലിക്ക’യുടെ ലോഞ്ചിംഗ് കെ. സുധാകരന് എം.പി നിര്‍വഹിച്ചു. ഓപ്പറേഷന് തൂഫാന് സമുഹത്തിന്റെ വിപത്തായ ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പോരാട്ടമാണെന്നും ഇതിനുള്ള എല്ലാവിധ പിന്തുണയും നല്‍കുന്നതായും എം.പി പറഞ്ഞു.
എം.എല്‍.എമാരായ ടി.ഒ.മോഹനന്, കെ.വി.സുമേഷ്, ഓപ്പറേഷന് തൂഫാന് കോര്‍ഡിനേറ്റര്‍ ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ, ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്, സിറ്റി പോലീസ് കമ്മീഷണര്‍ ബി. വി. വിജയ ഭരത് റെഡ്ഡി, അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, ഡെപ്യൂട്ടി മേയര്‍ കെ. പി. താഹിര്‍, കോര്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പന്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.