പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു
പാലക്കാട് : ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടമുണ്ടായത്. രണ്ടു ബസുകളിലെയും ഡ്രൈവർമാരും വിദ്യാർഥികളുമുള്‍പ്പെടെ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്ബാറ യിലേയ്ക്കും തൃശൂരിലേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ രണ്ട് ബസ്സുകളുടേയും മുൻഭാഗം പൂർണമായി തകർന്നു. രണ്ട് ഡ്രൈവർമാർക്കും സാരമായ പരിക്കുണ്ട്. ഒരു ഡ്രൈവറുടെ കാല് കുടുങ്ങിയ നിലയിലായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ബസ്സുകളുടെ മുൻഭാഗത്തിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്കി. ചിലരെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.