പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ്; 23നാണ് വോട്ടെണ്ണല്‍
പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ്. ആകെയുള്ള 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര് വോട്ട് രേഖപ്പെടുത്തി. പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകളിലായി 184 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. രാവിലെ ഏഴിന് പോളിങ് ആരംഭിച്ച ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ വലിയ തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെട്ടത്.
അവസാന മണിക്കൂറുകളിലും വലിയ തിരക്കായിരുന്നു. വൈകിട്ട് ആറു മണിക്ക് ശേഷവും ബൂത്തുകളില്‍ നിരവധി പേരാണ് വോട്ടു ചെയ്യാനുണ്ടായിരുന്നത്. 1,00,290 സ്ത്രീ വോട്ടര്‍മാരില്‍ 70,702 പേരും 94,416 പുരുഷ വോട്ടര്‍മാരില്‍ 66,596 പേരും വോട്ട് ചെയ്തു. ട്രാന്സ്ജന്ഡര് വോട്ടര്‍മാരായ നാല് പേരും വോട്ട് ചെയ്തു. പ്രാഥമിക കണക്കനുസരിച്ച് പാലക്കാട് നഗരസഭയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്; 70.51 ശതമാനം. കുറവ് കണ്ണാടി പഞ്ചായത്തിലും; 68.42 ശതമാനം. പിരായിരി, മാത്തൂര്‍ പഞ്ചായത്തുകളിലെ പോളിങ് ശതമാനം യഥാക്രമം 69.78 , 69.29 എന്നിങ്ങനെയാണ്. പാലക്കാടൻ കോട്ട ആരുപിടിക്കുമെന്ന് കൂട്ടിയും കിഴിച്ചും നോക്കുകയാണ് മുന്നണികള്‍. 23 നാണ് വോട്ടെണ്ണല്‍.