പാലക്കാടിന്റെ മണ്ണും മനസും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ
പാലക്കാട് : പാലക്കാടിന്റെ മണ്ണും മനസും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ. കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തും. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ ജനതയുടെ ശബ്ദമായി രാഹുൽ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 5 അക്ക ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഷാഫി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. നാടിന്റെ മതേതര ബോധത്തോട് ഒപ്പം സഞ്ചരിക്കാനെടുത്ത സന്ദീപിന്റെ തീരുമാനം ഇന്നത്തേക്കും 23-ാം തീയതിലേക്കും അതിന് അപ്പുറത്തേക്കും പ്രസക്തമായ കാര്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിക്കേണ്ടിരുന്ന ചിഹ്നം ബൂമറാങ്ങായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളിലും തിരിച്ചടിയാണ് അവർക്ക് ഉണ്ടായതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.