പയ്യന്നൂരിൽ ഓണം-കാർഷിക വ്യവസായ പ്രദർശനമേള ഓഗസ്റ്റ് 16 മുതൽ നടക്കും
പയ്യന്നൂർ:ചെറുകിട, ഗ്രാമ, കുടിൽ പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പയ്യന്നൂർ നഗരസഭയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം-പരമ്പരാഗത കാർഷിക വ്യവസായ ഉൽപ്പന്ന പ്രദർശനമേള ഓഗസ്റ്റ് 16 മുതൽ നടക്കും. നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേള പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള ഷേണായ് സ്ക്വയറിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25 വരെയാണ് പ്രദർശനം.
പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് ആശ്വാസമായി ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. കമനീയമായ കൈത്തറി, ഖാദി വസ്ത്രങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, ചെറുകിട-ഗ്രാമ-കുടിൽ വ്യവസായ ഉൽപ്പന്നങ്ങൾ, എം.എസ്.എം.ഇ (MSME), പി.എം.ഇ.ജി.പി (PMEGP), പ്രകൃതി ജീവന ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിൽ വിൽപ്പനയ്ക്കെത്തും.
കഴിഞ്ഞ വർഷത്തെ മേളയിൽ 75 ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ചെറുകിട സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ മികച്ച വേദി ഒരുക്കുന്നതിലൂടെ പ്രാദേശിക വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകാനും സംരംഭകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ഈ സംരംഭം സഹായകരമാകുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ അഡ്വ. സരിൻ ശശി, പി.ശ്യാമള , എം രാമകൃഷ്ണൻ, കെ. സീമ, വി. കൃഷ്ണൻ എന്നിവർ സംബന്ധിച്ചു