ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ : ഒരു ദ്വീപിന്റെ സ്വപ്നസാക്ഷാത് കാരമായ ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമെന്ന റെക്കോര്‍ഡാണ് കിഫ്ബി ഫണ്ടില്‍ നിന്ന് നൂറ് കോടി രൂപമുടക്കി നിര്‍മ്മിച്ച പാലത്തിന് ലഭിച്ചിരിക്കുന്നത്. പദ്ധതിയെ എതിര്ക്കുന്നവരുണ്ടായിരുന്നു വെന്നും എതിര്‍ക്കുന്നവരുടെ കൂടെ നില്‍ക്കാനല്ല സര്‍ക്കാരെന്നും പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതെല്ലാം ഏത് സര്‍ക്കാരായാലും ചെയ്യുമെന്ന് പറയുന്നവര്‍ മറ്റേത് സര്‍ക്കാരാണ് ഇതെല്ലാം ചെയ്തിട്ടുള്ളതെന്ന് ചിന്തിച്ച് നോക്കണമെന്നും പറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് പലരും വിധിയെഴുതിയ പദ്ധതി യാഥാര്‍ഥ്യമായത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടും ജനങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചതുകൊണ്ടുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലുഭാഗവും കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപിലുള്ളത് 15,000-ത്തോളം വരുന്ന ജനത. ഇവര്‍ക്ക് കരയുമായി ബന്ധപ്പെടാന്‍ വള്ളവും ബോട്ടുമായിരുന്നു ഏക ആശ്രയം. മഴവില്ലു പോലൊരു പാലം കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാകുമ്പോള്‍ ഈ ജനതയും സന്തോഷത്തിലാണ്.