പ്ലസ് വൺ സീറ്റ് പ്രതിസന്ധി; രണ്ടംഗ കമ്മീഷന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
കൊച്ചി : പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മീഷൻ ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയത്. കമ്മീഷൻ അംഗങ്ങളായ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ആർ. സുരേഷ് കുമാർ, മലപ്പുറം ആർഡിഡി ഡോ. പിഎം അനില്‍ എന്നിവർ ഇന്ന് നേരിട്ട് തിരുവനന്തപുരത്ത് വെച്ചായിരിക്കും റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുക.അധിക ബാച്ച് അനുവദിച്ചാൽ സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ പഞ്ചായത്തും സ്കൂളുകളും സജ്ജമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിമിതികൾ കണ്ടെത്തിയ സ്കൂളുകളിൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ നാലു ദിവസങ്ങളിലായി ചേർന്ന യോഗങ്ങൾക്കും സ്കൂളുകളിലെ സന്ദർശനങ്ങൾക്കും ശേഷമാണ് സീറ്റുകളുടെ എണ്ണത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയത്.