വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
പാലക്കാട് : സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെ ന്നാണ് ആവശ്യം. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണെന്ന് ബസുടമകള്‍ പറയുന്നു. 13 വര്‍ഷമായി ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഈ നിരക്കില്‍ ഓടാനാകില്ലെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ജാഥ. ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെയായിരിക്കും ജാഥ നടത്തുക. ജൂണ്‍ മാസത്തില്‍ നിരക്ക് വര്‍ധന ഉണ്ടാകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഇതിനുള്ള തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകും. സമരത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനായി, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.