രാജ്യമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ”പുഷ്പ 2; ദി റൂൾ ഇന്ന് മുതൽ തിയേറ്ററുക്കളിൽ
രാജ്യമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ”പുഷ്പ 2; ദി റൂൾ ഇന്ന് മുതൽ തിയേറ്ററുക്കളിൽ. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പുഷ്പ 2 ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യദിനം മുതൽ തന്നെ മികച്ച പ്രതികരണം ലഭിച്ച ബുക്കിങ്ങിലൂടെ ചിത്രത്തിനുള്ളത് 100 കോടിയെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട്. ഇങ്ങനെയാണെങ്കിൽ ചിത്രം ആദ്യദിനം 250 കോടിയുടെ കളക്ഷൻ കടക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ പ്രവചിച്ചു. എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ബ്രഹ്മാണ്ഡ ചിത്രമായ കൽക്കി 2898 എഡിയുടെ പ്രീ സെയിൽ കളക്ഷനെ മറികടന്ന് പുഷ്പ 2 ഇന്ന് തന്നെ പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലു അർജുന്റെ പുഷ്പ്പയോടപ്പം മത്സരിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ വിക്കി കൗശൽ നായകനായി വരുന്ന ഛാവയുടെ റിലീസ് മാറ്റിയിരിക്കുകയാണ്. ഡിസംബർ 6 നായിരുന്നു ഛാവയുടെ റിലീസ് തീരുമാനിച്ചത്. പക്ഷെ പുഷ്പയോടൊപ്പം പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന തോന്നൽ കൊണ്ടാകാം ഛാവയുടെ അണിയറ പ്രവർത്തകർ ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തിട്ടുണ്ടാവുക.
2021 ഡിസംബറിൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലൂടെയാണ് പുഷ്പയുടെ യാത്ര ആരഭിക്കുന്നത്. ചലച്ചിത്രനിർമ്മാണത്തിലെ പാരമ്പര്യേതരവും പരീക്ഷണാത്മകവുമായ സമീപനത്തിന് പേരുകേട്ട സുകുമാർ സംവിധാനം ചെയ്ത പുഷ്പ: ദി റൈസ് സാധാരണ മാസ് ഹീറോ ഫോർമുലയിൽ നിന്നുള്ള വ്യതിചലനമായിരുന്നു. മുൻവേഷങ്ങളിൽ നിന്ന് വ്യത്യസ്തനായ വേഷമായിരുന്നു പുഷ്പരാജ് എന്ന അല്ലു അർജുന്റെ കഥാപാത്രം. കട്ടിയുള്ള താടിയും വ്യത്യസ്തമായ കൈയ്യാങ്കളിയുമായി, ഒരു പരുക്കൻ രൂപം അദ്ദേഹം സിനിമക്കായി സ്വീകരിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് താരമെന്ന ബഹുമതിയും അല്ലു അർജുൻ ഇതോടെ സ്വന്തമാക്കിയിരുന്നു. പുഷ്പ പോലൊരു കൊമേഴ്സ്യൽ മസാലാചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡ് നൽകിയതിൽ പല വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ അന്ന് അതിനെ വിമർശിച്ചവരിൽ പലരും ഇന്ന് പുഷ്പ 2 ദി റൂൾ തിയേറ്ററിൽ പോയി കാണാൻ കാത്തിരിക്കുകയാണ്.