അന്‍വര്‍ വിഷയത്തില്‍ കരുതലോടെ പ്രതികരിക്കാന്‍ പ്രതിപക്ഷം
തിരുവനന്തപുരം : അന്‍വര്‍ വിഷയത്തില്‍ കരുതലോടെ പ്രതികരിക്കാന്‍ പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മാത്രം പിന്തുണ നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. നാളെ പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് പി.ഡി സതീശന് പറഞ്ഞപ്പോള്‍ മന്ത്രിസഭയുടെ രാജി ആവശ്യപ്പെടുകയാണ് മുസ്ലിം ലീഗ്.
പി വി അന്‍വറിന്റെ രണ്ടുമണിക്കൂറോളം നീണ്ട ഒരു പൊളിറ്റിക്കല്‍ വാര്‍ത്താ സമ്മേളനം. എന്തുകൊണ്ട് ഇങ്ങനെ ഒരു വാര്‍ത്താസമ്മേളനം പ്രതിപക്ഷത്തിന് സാധിച്ചില്ല എന്നതാണ് ഇനി മുന്നണിക്കുള്ളില്‍ ഉയരാന്‍ പോകുന്ന ചോദ്യം. എന്നാല്‍ എല്ലാകാലത്തും യുഡിഎഫിനെ കടന്നാക്രമിച്ച പി വി അന്‍വറിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാതെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും എങ്ങിനെ ആക്രമിക്കാം എന്നതാകും യുഡിഎഫിന്റെ ഇനിയുള്ള നീക്കം. മുഖ്യമന്ത്രിക്കെതിരെ പി വി അന്‍വര്‍ പറഞ്ഞതെല്ലാം വസ്തുനിഷ്ടമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. നാളെ പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. അധികാരത്തില്‍ കടിച്ചു തൂങ്ങാതെ ഇടതു മന്ത്രിസഭ രാജിവച്ച് ജനഹിതം തേടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം വിമര്‍ശിച്ചു. ഭരണപക്ഷത്തിന് പോലും വിശ്വാസമില്ലാത്ത പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കെ മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രി കേരള ജനതയോട് ചെയ്തത് കൊലച്ചതിയെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.