മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് അൻവർ
മലപ്പുറം : മഞ്ചേരിയിലെ പൊതുസമ്മേളന ത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് അൻവർ. എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് ലക്ഷ്യമിടുന്നതെന്നും അൻവർ വിശദീകരിച്ചു. ‘‘വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യൻ ജനാധിപത്യത്തിന് കാവൽ ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും . സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാടാകും മുന്നോട്ടുവയ്ക്കുക’’– അൻവർ വിശദീകരിച്ചു. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും അൻവർ വിശദീകരിച്ചു.
കോരി ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ അൻവറിനെ മുദ്രാവാക്യം വിളികളോടെയാണു പ്രവർത്തകർ സ്വീകരിച്ചത്. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ഡിഎംകെയുടെ വിശദീകരണം. ഡിഎംകെ മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഎമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അൻവറിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളിൽ പൊലീസെത്തി യെന്നു പൊതുസമ്മേളന വേദിയിലേക്ക് വീട്ടിൽനിന്നും തിരിക്കവേ പി.വി.അൻവർ ആരോപിച്ചു. സ്വർണക്കടത്തിൽ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസെത്തിയത്. ഇങ്ങനെയൊക്കെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ പൊലീസ് വാഹനങ്ങൾ തടയുകയാണെന്നും അൻവർ ആരോപിച്ചു. ഡിഎംകെയുടെ തീരുമാനം കാത്തിരുന്നു കാണാം’’– അൻവർ വിശദീകരിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ പതാകയുമായി പ്രവർത്തകർ അൻവറിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. നീലഗിരിയിലുള്ള ഡിഎംകെ പ്രവർത്തകർ യോഗത്തിനെത്തിയിട്ടുണ്ട്. ഇവർക്ക് വഴിക്കടവിൽ അൻവർ അനുകൂലികൾ സ്വീകരണമൊരുക്കിയിരുന്നു.