തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ആർ ചന്ദ്രശേഖരൻ
തൃശൂർ: തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയുമായ ആർ ചന്ദ്രശേഖരൻ. രണ്ടായിരത്തിലധികം കോടി രൂപയുടെ അഴിമതി നടത്തിയ അഴിമതിക്കാരനാണ് ചന്ദ്രശേഖരൻ എന്ന് വരുത്തിതീർക്കാനാണ് ശ്രമം നടക്കുന്നത്. കേസിൽ സർക്കാർ പ്രോസിക്യൂഷന് അനുമതി കൊടുത്തത് സ്വാഗതം ചെയ്യുന്നു. പ്രോസിക്യൂഷന് അനുമതി കൊടുത്താൽ ശിക്ഷയല്ലല്ലോയെന്നും ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. കേരള സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ബോർഡ്. ബോർഡ് എപ്പോഴും ഏക കണ്ഠേനയാണ് തീരുമാനമെടുത്തത്. തന്റെ കാലയളവിൽ 224 കോടി രൂപയുടെ പർച്ചെയ്സ് ആണ് നടന്നത്. രണ്ടായിരത്തിലധികം കോടി രൂപയുടെ അഴിമതി നടത്തിയ അഴിമതിക്കാരനാണ് ചന്ദ്രശേഖരൻ എന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും ഏത് വിചാരണയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.പത്രസമ്മേളന ദിവസം രാവിലെ 11 മണിക്ക് തനിക്ക് കിട്ടിയ സർക്കാർ ഉത്തരവാണ് പത്രസമ്മേളനത്തിൽ ഹാജരാക്കിയത്. തന്റെ കയ്യിൽ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ? ഇതിൽ കക്ഷിയായ തനിക്ക് ഉത്തരവിന്റെ കോപ്പി ലഭിക്കും. എറണാകുളത്തെ കോടതിയിൽനിന്ന് വക്കീലന്മാരാണ് കോപ്പി അയച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.