സംസ്ഥാനത്ത് ഇന്നും മഴ കനക്കും; എട്ട് ജില്ലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഇന്നും മഴ തുടരും, വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മധ്യ തെക്കന്‍ ജില്ലകളില്‍ ആകും മഴ കനക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, അടിയന്തര സാഹചര്യത്തെ നേരിടാന്‍ സജ്ജരാകാന്‍ ജില്ലാ ഭരണകൂടത്തിനും മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്കി.