സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദേശം ഇല്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. സംസ്ഥാനത്ത് നവംബർ 12,13 തീയതികളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 13 -ാം തിയതി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.