സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം : വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത നിലനില്‍ക്കെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട്. ന്യൂനമർദ്ദം ഇന്ന് രൂപപ്പെടുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ലക്ഷദ്വീപിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന സാഹചര്യവുമുണ്ട്. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ – ഇടത്തരം മഴക്ക് സാധ്യതയാണ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (05/10/2024) ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.