സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം : ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യകിഴക്കൻ അറബിക്കടലില്‍ ഗോവ കർണാടക തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി മാറി. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്
ന്യൂനമർദ്ദത്തില്‍ നിന്നും കേരള കർണാടക വഴി തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഒക്ടോബർ 12 ഓടെ തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത ഒരാഴ്ച മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 13 മുതല്‍ 14 തീയതികളില്‍ അതിശക്തമായമഴയ്ക്കും14 വരെ ശക്തമായ മഴയ്ക്കുമാണ് സാധ്യത. ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.