സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴ തുടരും; നാല് ജില്ലകളിൽ റെഡ് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴ തുടരും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ,ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര, തീരദേശമേഖ യിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് 20 വരെ വിലക്കേർപ്പെടുത്തി.
മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കാലവർഷക്കെടുതികൾ ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.