സംസ്ഥാനത്ത് മഴ ശക്തമായി തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ടാണ്. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ അധികൃതരുടെ നിർദേശാനു സരണം മാറിത്താമസിക്കണം. കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല. 24 മണിക്കൂറിൽ 64.4 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 28 വരെ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്തും അതിനോടു ചേർന്ന സമുദ്ര ഭാഗങ്ങളിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.