സംസ്ഥാനത്ത് വരുന്ന 5 ദിവസം മഴ ശക്തമായി തുടരും; നാല് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന 5 ദിവസം മഴ ശക്തമായി തുടരും. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. മഴക്കെടുതിയിൽ ഇന്നലെ സംസ്ഥാനത്ത് 5 പേർ മരിച്ചു. കാണാതായ 2 പേർക്കായി തിരച്ചിൽ തുടരുന്നു. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരയിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം. സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാംപുകളിലായി 2087 കുടുംബങ്ങളിലെ 6945 പേരെ മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിലാണ് കൂടുതൽ ക്യാംപുകൾ–58.