
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഒപ്പം കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രതയും നിർദ്ദേശിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയുമാണ് മഴ തുടരാനുള്ള കാരണമെന്നാണ് റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലയിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലയിലും ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.7 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.