വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; കണ്ണൂരിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി
കണ്ണൂർ : വടക്കൻ കേരളത്തിൽ മഴ അതിശക്തിയായി തുടരുകയാണ്. മലപ്പുറത്ത് മീൻപിടിക്കാനായി പോയ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് താഴ്ന്ന സ്ഥലങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. നദികളിലെ ജലനിരപ്പ് ഉയർന്നു. ശക്തമായ കാറ്റിൽ കണ്ണൂരിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാസർകോട് റെയിൽവേ ട്രാക്കിൽ മരം വീണു. രാത്രി മുതൽ ആരംഭിച്ച മഴ വടക്കൻ കേരളത്തിൽ തിമിർത്ത് പെയ്യുകയാണ്. കോഴിക്കോട് നഗരത്തിലെ പുതിയ സ്റ്റാൻഡിലും മാവൂർ റോഡിലും വെള്ളക്കെട്ട് രൂക്ഷമായി മലയോര ഹൈവേ നിർമ്മാണം നടക്കുന്ന തലയാട്ട് 26-ാം മൈലിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇരുവഴിഞ്ഞിപുഴയി ലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നു.ചെലവൂർ മിനി സ്റ്റേഡിയത്തിലേക്ക് വെള്ളം കയറി കാരന്തൂർ, പാറക്കടവ്, ചെലവൂർ, മൂഴിക്കൽ, വിരുപ്പിൽ തുടങ്ങിയ പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകി.
‘വിലങ്ങാട് മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മലപ്പുറം നിലമ്പൂർ വല്ലപ്പുഴയിൽ മിൻ പിടിക്കാനായി പോയ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി വല്ലപ്പുഴ സ്വദേശി മനോലൻ റഷീദാണ് മരിച്ചത്. കണ്ണൂരിൽ എളയാവൂരിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. ജില്ലയിൽ പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി മുടങ്ങി. കുപ്പത്ത് ദേശീയപാത നിർമ്മാണ സ്ഥലത്ത് ഇടിഞ്ഞുവീണ മണ്ണ് മാറ്റാൻ നിർമ്മാണ കമ്പനി നടപടി തുടങ്ങി. കുപ്പം, ഇരിക്കൂർ, കക്കാട് പുഴകൾ കരകവിഞ്ഞു. നെടുംപൊയിലിൽ വീടിനു മുകളിൽ മരം വീണ് മൂന്നു പേർക്ക് പരിക്കേറ്റു. പഴശ്ശി ഡാമിൻറെ 16 ഷട്ടറുകളിൽ 13 എണ്ണവും തുറന്നു. വയനാട് കല്ലൂർ പുഴ കരകവിഞ്ഞു. വയനാട് മുത്തങ്ങ മന്മഥമൂല റോഡിൽ വെള്ളം കയറി. മൻമഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമുക്ക് ഉന്നതി, ചിറമൂല, തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു പാലക്കാട് അട്ടപ്പാടി, നെല്ലായമ്പതി അടക്കമുള്ള മലയോര മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. കാറ്റിൽ അട്ടപ്പാടിയിൽ വ്യാപക കൃഷി നാശമുണ്ടായി. ഏക്കർ കണക്കിന് നേന്ത്രവാഴകൾ നശിച്ചു.