സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് പത്ത് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു.