സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ ആഴ്ച 2 ദിവസങ്ങളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 3, 4 തിയതികളിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ അടുത്ത 5 ദിവസവും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും സ്കൂൾ തുറക്കുന്ന ദിവസമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ജൂൺ 2 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ജൂൺ 3 നാകട്ടെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 4 ന് പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.