സംസ്ഥാനപൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും; 41ാമത് പൊലീസ് മേധാവി
തിരുവനന്തപുരം : സംസ്ഥാനപൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചൊവ്വാഴ്ച ചുമതലയേൽക്കും. സംസ്ഥാനത്തിന്റെ 41ാം പൊലീസ് മേധാവിയാണ് ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവഡ. രാവിലെ ഏഴിന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. വീരചരമമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർഥമുള്ള ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രമർപ്പിച്ചശേഷം സംസ്ഥാന പൊലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന എ.ഡി.ജി.പി എച്ച്. വെങ്കിടേഷിൽ നിന്ന് സ്ഥാനമേറ്റെടുക്കും. തുടർന്ന്, 10 മണിയോടെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കും.
കണ്ണൂർ സി.പി.എം നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവഡ എ. ചന്ദ്രശേഖറെ നിയമിച്ചത്. യു.പി.എസ്.സി കേരളത്തിന് കൈമാറിയ പട്ടികയിൽ ഒന്നാമനും സീനിയറുമായ നിതിൻ അഗർവാളിനെ മറികടന്നാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടർ റവഡയെ നിയമിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി ലഭിക്കുന്ന മുറക്ക് അദ്ദേഹം കേരളത്തിലെത്തും. അതുവരെ സംസ്ഥാന പൊലീസ് മേധാവിയുടെ താൽക്കാലിക ചുമതല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേശ് വഹിക്കും.