സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരണം; എട്ട് പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ്
തിരുവല്ല : സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച് പൊല്ലാപ്പിലായി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍. റവന്യൂ വിഭാഗത്തിലെ വനിതകളടക്കം എട്ട് പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം നല്കാന് നിര്‍ദേശം. പാട്ടും നൃത്തവും അഭിനയവുമെല്ലാം ഗംഭീരമായി. റീല്‍സ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാവുകയും ചെയ്തു. പക്ഷെ പണി ചെയ്യേണ്ട സമയത്ത് റീല്‍സെടുക്കാന്‍ പോയതോടെ പണി പോകുന്ന അവസ്ഥയാണ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരാണ് പൊല്ലാപ്പിലായിരിക്കുന്നത്.
കഴിഞ്ഞമാസമാണ് റീല്‍സ് ചിത്രീകരിച്ചത്. അധിക ജോലികള്‍ ചെയ്ത് തീര്‍ക്കാനായി എത്തിയ ഒരു ഞായറാഴ്ചയാണ് സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് റീല്‍സെടുത്തത്. അവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ െചയ്യുകയും ലൈക്കും കമന്റുമെല്ലാം വാരിക്കൂട്ടുകയും ചെയ്തു. അഭിനന്ദനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഓഫീസില്‍ ഇതാണോ പണിയെന്ന നെഗറ്റീവ് കമന്റുകളും വന്ന് തുടങ്ങി. ഇതോടെയാണ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരത്തിനകം തൃപ്തികരമായ വിശദീകരണം തന്നില്ലങ്കില്‍ റീല്‍സ് പോലെ സുഖകരമാകില്ല മുന്നോട്ടുള്ള കാര്യങ്ങള്‍.