എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; പരേഡിനൊരുങ്ങി തലസ്ഥാനം
ന്യൂഡൽഹി : ഇന്ത്യയുടെ പ്രൗഢഗംഭീരമായ പൈതൃകത്തേയും വൈവിധ്യങ്ങളുടെ സമ്പന്നതയും പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് റിപ്പബ്ലിക് പരേഡ്. രാജ്യം അതിന്റെ പാരമ്പര്യത്തിലും പ്രൗഢിയിലും അഭിമാനപൂരിതരാകുന്ന ആ വേളയില്‍ ആഘോങ്ങള്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഒരു വിശിഷ്ട വ്യക്തിയും അതിഥിയായി റിപ്പബ്ലിക് ദിനത്തിലെത്താറുണ്ട്. രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത് ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആണ്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനം എന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായിട്ടുമുണ്ട്.
രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിനും തുടക്കമാകും. ദേശീയപതാക ഉയർത്തുന്നതിനു പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കും. ഇന്ത്യൻ കരസേന തദ്ദേശീമായി നിർമിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണക്കാഴ്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെയും പരേഡ് സംഘവും അണിനിരക്കും. അയ്യായിരത്തിലധികം കലാകാരന്മാരും കർത്തവ്യപഥിൽ നടക്കുന്ന കലാവിരുന്നിന്റെ ഭാഗമാകും. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിൽ ഇന്നലെ സൈനിക ക്യാംപിനു നേരെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
മുഖ്യാതിഥികൾക്കു പുറമെ ക്ഷണിക്കപ്പെട്ട പതിനായിരത്തോളം അതിഥികളും കർത്തവ്യ പഥിൽ നടക്കുന്ന പരേഡിനു സാക്ഷ്യം വഹിക്കും. രാജ്യത്തെ വിവിധയിടങ്ങളിൽനിന്നു 34 വിഭാഗത്തിൽപ്പെട്ടവർക്കാണ് പരേഡ് കാണുന്നതിനായി സർക്കാരിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിൽ നിർമാണ തൊഴിലാളികളും ആശാ വർക്കർമാരും അങ്കണവാടി തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്. ഇതിനു പുറമെ ഗ്രാമീണ സർപഞ്ചുമാർ, ദുരന്ത നിവാരണ പ്രവർത്തകർ, കമ്യൂണിറ്റി റിസോഴ്സ് പഴ്സൻ (കൃഷി സഖി, ഉദ്യോഗ് സഖി, മുതലായവ), പിഎം യശസ്വി പദ്ധതിയിലെ ഗുണഭോക്താക്കൾ, കൈത്തറി കലാകാരന്മാർ, കരകൗശല തൊഴിലാളികൾ, വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ആദിവാസി ഗുണഭോക്താക്കള്‍ തുടങ്ങിയവരും സർക്കാരിന്റെ അതിഥി പട്ടികയിലുണ്ട്.