100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കുമെതിരെ കേസ്
കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയുന്ന 180 പേർക്കെതിരെ പോലീസ് കേസെടുത്തു . 100 യു ഡി എഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്ദീപ് വാര്യരുടെ റോഡ്ഷോ പടന്ന കടപ്പുറം എത്തിയപ്പോൾ റോഡ് ബ്ലോക്കിയതിനെ ചെല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ആദ്യം ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി, തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ടു. അക്രമികളെ പോലീസ് എത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു.
കല്ലേറിലും ലാത്തി ചാർജിലും നിരവധിപേർക്ക് പരിക്കേറ്റു. പ്രദേശത്ത് കനത്ത പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി പി ദാമോദരൻ സ്മാരക മന്ദിരം അടിച്ചു തകർത്തതായി പരാതിയുണ്ട്. യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ സ്വീകരണത്തിനായെത്തിയ യുഎഡിഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. എൽഡിഎഫ് പ്രവർത്തകരായ പി.വി മധു, പി.കെ കുഞ്ഞികൃഷ്ണൻ, എ.വി സുനിത, എ.വി ശ്രീരാഗ്, സി. ശ്രീരാഗ്, ടി. ശരത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.