ദര്‍ശനത്തിന് പണം വാങ്ങുന്നുവെന്ന പരാതി: സന്നിധാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
സന്നിധാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ദര്‍ശനത്തിന് പണം വാങ്ങുന്നുവെന്നും മുറികള്‍ മറിച്ചു നല്കുന്നുവെന്നുമുള്ള പരാതികളിലാണ് പരിശോധന. മരാമത്ത് ഉദ്യോഗസ്ഥരുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ കയ്യേറ്റവും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും കണ്ടെത്തി.കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. നിര്‍ദിഷ്ട സ്ഥലത്തിന് പുറത്തേക്ക് വ്യാപാര സ്ഥാപനങ്ങള്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ടോ എന്ന പരിശോധനയില്‍ നാല് സ്ഥാപനങ്ങള്‍ കൂടുതല്‍ സ്ഥലം കയ്യേറിയതായി കണ്ടെത്തിയത്. ദര്‍ശനത്തിന് പണം വാങ്ങുന്നുവെന്നും മുറികള്‍ മറിച്ചു നല്കുന്നുവെന്നുമുള്ള പരാതികളും വിജിലന്‍സ് പരിശോധിച്ചു. അസിസ്റ്റന്റ് എന്‍ജിനീയറുടെയും പ്യൂണിന്റെയും ഫോണുകള്‍ പിടിച്ചെടുത്തു.
ഇരുവരുടെയും അക്കൗണ്ടുകളില്‍ പലരില്‍ നിന്നും സംശയാസ്പദമായ പണം എത്തിയതായും കണ്ടെത്തല്‍. മരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനകളുടെ വിവരങ്ങളും അനധികൃത പണപ്പിരിവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. അതേസമയം വെര്‍ച്വല്‍ ക്യൂ വഴി 66,000 പേര് ബുക്ക് ചെയ്തിട്ടും സന്നിധാനത്തെത്തിയവരുടെ എണ്ണം കുറഞ്ഞു. ഇന്ന് രാവിലെ 11 മണിവരെ ദര്‍ശനം നടത്തിയത് 22,000ത്തോളം പേര് മാത്രം. ഈ മാസം മുപ്പത് വരെ പ്രതിദിനം 5000 പേര്‍ക്ക് കൂടി വെര്ച്വല്ല് ക്യൂ ബുക്കിംഗിന് അനുമതി നല്കാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.