സഞ്ജു മലയാളികളുടെ അഭിമാനം; സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം
തിരുവനന്തപുരം : ട്വന്റി20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നേരത്തെ സഞ്ജുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ന്യൂസിലൻഡിനെതി രെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.