സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാര ത്തോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയുക.24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് മാറ്റുരയ്ക്കുക. സ്കൂൾ കലോത്സവത്തിന്റെ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് തലസ്ഥാനത്ത് എത്തി. അഞ്ച് ദിനങ്ങൾ ഇനി തലസ്ഥാന നഗരത്തിന് ഉറക്കമില്ലാ നാളുകൾ. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.
നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.1957ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേളയിൽ 10000ഓളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 2016ന് ശേഷം തിരുവനന്തപുരം വീണ്ടും കലാമാമാങ്കത്തിന് വേദിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. 1986ൽ തൃശ്ശൂരിൽ വച്ച് നടന്ന ഇരുപത്തിയെട്ടാം കേരള സ്കൂൾ കലോത്സവത്തിൽ നിലവിൽ വന്ന നൂറ്റി പതിനേഴര പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പ് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ജില്ലയ്ക്ക് നൽകും. കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയാണ് ജേതാക്കളായത്.