64-ാമത് കേരള സ്കൂൾ കലോത്സവം; നാലാം ദിനം പിന്നിടുമ്പോൾ കുതിപ്പ് തുടർന്ന് കണ്ണൂർ
തൃശൂർ : 64-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ നിർണ്ണായകമായ നാലാം ദിനം പിന്നിടുമ്പോൾ, സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം പ്രവചനാതീതമായി തുടരുകയാണ്. ആദ്യ ദിനം മുതൽ നിലനിർത്തിയ ആധിപത്യം തുടരാൻ വടക്കൻ ജില്ലകൾ ശ്രമിക്കുമ്പോ ൾ, ശക്തമായ തിരിച്ചുവരവിനാണ് മധ്യകേരളവും തെക്കൻ കേരളവും ശ്രമിക്കുന്നത്. നാലാം ദിനം വൈകുന്നേരത്തെ കണക്കുകൾ പ്രകാരം 955 പോയിന്റുകൾ നേടി കണ്ണൂർ ജില്ലയാണ് ഒന്നാമത്. തൊട്ടുപിന്നിൽ തന്നെ 950 പോയിന്റുകളുമായി തൃശൂരും 947 പോയിന്റുകളുമായി പാലക്കാടുമുണ്ട്. ഓരോ പോയിന്റിനും വേണ്ടി സ്കൂളുകൾ തമ്മിലുള്ള മത്സരം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്.
സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഇന്ന് വിവിധ വേദികൾ സന്ദർശിച്ചു. കലോത്സവത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് വിദ്യാർഥിക്ക് ഓൺലൈനിൽ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയതും ഇന്ന് കേരളം കണ്ടു. ‘വാസ്കുലൈറ്റിസ്’ എന്ന രോഗം ബാധിച്ച കാസർകോട് പടന്ന സ്വദേശി സിയ ഫത്തിമ അറബിക് പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ ഓൺലൈനിൽ പങ്കെടുക്കുന്നത് കാണാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും റവന്യൂ മന്ത്രി കെ രാജനും വേദിയിലെത്തിയിരുന്നു.
ഉരുൾപ്പൊട്ടൽ ദുരന്തത്തെ അതിജീവിച്ച വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ വേദി പത്തിൽ നടന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുത്തിരുന്നു. വിദ്യാർഥികളെയും അധ്യാപകരെയും കാണാൻ മന്ത്രി കെ രാജൻ വേദിയിലെത്തിയിരുന്നു. വെള്ളാർമലയിലെ കുട്ടികൾ അതിജീവനത്തിന്റെ പാഠപുസ്തകമാ ണെന്ന് മന്ത്രി പറഞ്ഞു. കലോത്സവം കേവലം ഒരു മത്സരമല്ല, മറിച്ച് കേരളത്തി ന്റെ സാംസ്കാരിക ഐക്യത്തിന്റെ വിളംബരമാണെന്ന് വേദിയിലെത്തി മടങ്ങിയവർ ഓർമ്മിപ്പിച്ചു. ഇനി ഒരു ദിനം മാത്രം ബാക്കി നിൽക്കെ നാളെ കടുപ്പമേറിയ മത്സരങ്ങളായിരിക്കും നടക്കുക. ഇത്തവണത്തെ വിജയികളെ തീരുമാനിക്കുന്നത് അവസാന നിമിഷ പോരാട്ടങ്ങളാകും. നാളെ വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനത്തി ലാണ് വിജയികൾക്ക് സ്വർണ്ണക്കപ്പ് സമ്മാനിക്കുക. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാഥിതിയാകും.