കനത്ത മഴ; സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ നാളെയും തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, പത്തനംതിട്ട ജില്ലകൾക്കൊപ്പം എറണാകുളം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഒടുവിൽ അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ9 സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 ന് അവധിയായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.