ദേശീയപാതയുടെ സർവീസ്റോഡുകൾ ടൂവേ തന്നെ
മലപ്പുറം : പുതുതായി നിർമിച്ച ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സർവീസ് റോഡുകൾ ടൂവേ പാതകളാ ണെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയി ട്ടുണ്ട്. പലയിടങ്ങളിലും ഇതിനെച്ചൊല്ലി വാഹനമോടിക്കുന്നവർ തമ്മിൽ സംഘർഷമുണ്ടാവുന്നുണ്ട്. ദേശീയപാതാ നിർമാണത്തിന് മുൻപ് പ്രാദേശികയാത്ര കൾക്ക് ഉപയോഗിച്ചിരുന്ന റോഡിന് പലയിടത്തും എട്ടും ഒൻപതും മീറ്റർ വീതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴുള്ള സർവീസ് റോഡുകൾക്ക് ആറരമീറ്റർ മാത്രമാണ് വീതി. ചിലയിടങ്ങളിൽ അതുപോലുമില്ല.
ചെറിയദൂരംമാത്രം ഓടുന്ന മിനിലോറികളും ബസുകളും മറ്റു വാഹനങ്ങളും മാത്രമാണ് ഇപ്പോൾ സർവീസ്റോഡ് ഉപയോഗിക്കു ന്നത്. വലിയൊരു വിഭാഗം ഓട്ടോറിക്ഷ കളും ബൈക്കുകളും ദേശീയപാതയിലൂടെ യാണ് പോകുന്നത്. എന്നിട്ടും ഇപ്പോൾത്തന്നെ സർവീസ് റോഡുകളിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ട്രാക്ടർ, ഓട്ടോ, ബൈക്ക് തുടങ്ങിയവയെല്ലാം സർവീസ് റോഡിലൂടെമാത്രം പോകേണ്ടിവരുമ്പോൾ കുരുക്ക് രൂക്ഷമാവും. ദേശീയപാതയുടെ വീതി 65 മീറ്റർ എന്നത് കേരളത്തിൽ 45 മീറ്റർ ആക്കിയത് ഏറ്റവുമധികം ബാധിച്ചത് സർവീസ് റോഡിന്റെ വീതിയെയാണ്.