കപ്പലിൽ അപകടം; തീയണക്കൽ യത്നം തുടരുന്നു, ചരക്കുകപ്പൽ പൊന്നാനി തീരം കടന്നു
കൊച്ചി : കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പൽ രക്ഷാപ്രവർത്തകരുടെ ഏറെക്കുറെ നിയന്ത്രണത്തിലായി. ഗുജറാത്തിലെ പോർബന്ദറിലെ എം.ഇ.ആർ.സി. ഓഫ്ഷോർ സർവിസസിൽനിന്നുള്ള വിദഗ്ധ സംഘം അതിസാഹസികമായി കപ്പലിലേക്ക് ഇറങ്ങി. ഇവരുടെയും കോസ്റ്റ്ഗാർഡിന്റെയും നേതൃത്വത്തിൽ തീ പൂർണമായി അണയ്ക്കാൻ ശ്രമം തുടരുകയാണ്. കപ്പൽ പുറം കടലിലേക്ക് കൂടുതൽ വലിച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഘം ഏറെ പണിപ്പെട്ട് കപ്പലിന്റെ മുൻവശത്ത് തീ അണച്ച ഭാഗത്തായി ഇറങ്ങിയത്.
കപ്പലിന്റെ മുൻഭാഗത്തെ കൊളുത്തിലേക്ക് വടം കെട്ടി വാട്ടർ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ കൂടുതൽ ഉൾസമുദ്രത്തിലേക്ക് വലിച്ചുമാറ്റാൻ ശ്രമം നടക്കുക. രക്ഷാപ്രവർത്തനത്തിലെ നിർണായക നേട്ടമായാണ് ദൗത്യസംഘം ഈ നീക്കത്തെ കാണുന്നത്. കത്തുന്ന കപ്പലിലേക്ക് സാധാരണ സുരക്ഷാകാരണങ്ങളാൽ അധികമാരും ഇറങ്ങാറില്ലെന്നും ഇത് ഏറെ നിർണായക ഇടപെടലാണെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറയുന്നു. തീ 40 ശതമാനത്തോളം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് സൂചന. ബുധനാഴ്ച ശക്തമായ മഴ പെയ്തതും ആശ്വാസമായി. എന്നാൽ കാണാതായ നാലു കപ്പൽ ജീവനക്കാരെ കണ്ടെത്താനായിട്ടില്ല.
തീ പൂർണമായി കെടുത്തുന്നതിനും കാണാതായവരെ കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾക്കാണ് കോസ്റ്റ് ഗാർഡ് ഊന്നൽ നൽകുന്നത്. രണ്ടു ദൗത്യവും പൂർത്തിയാക്കിയ ശേഷമാകും അടുത്ത ഘട്ടം. കടലിൽ വീണ കണ്ടെയ്നറുകൾ ഉടൻ കേരള തീരത്ത് എത്താൻ സാധ്യത ഇല്ലെന്നാണ് കണക്കുകൂട്ടൽ. എങ്കിലും തീരമേഖലകളിൽ നിരീക്ഷണവും ജാഗ്രതാ നിർദേശവുമുണ്ട്. അതേസമയം, വാൻഹായ് ചരക്കുകപ്പൽ അപകടസ്ഥലത്തുനിന്ന് മൈലുകൾ പിന്നിട്ട് മലപ്പുറം ജില്ലയിലെ പൊന്നാനി തീരം കടന്നു. ബുധനാഴ്ച ഉച്ചയോടെ പൊന്നാനി ലൈറ്റ് ഹൗസിൽനിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്. ഒരു നോട്ട് (മണിക്കൂറിൽ 1.85 കി.മീറ്റർ) മുതൽ 1.2 നോട്ട് വരെയാണ് തീപിടിച്ച് തകർന്ന കപ്പലിന്റെ വേഗം. ബുധനാഴ്ച പുലർച്ച തിരൂർ തീരത്തുനിന്ന് 56 നോട്ടിക്കൽ മൈൽ പിന്നിട്ടിരുന്നു