മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു
ന്യൂഡൽഹി : മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി യും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (91) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹ ജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. 1991 മുതല്‍ 96 വരെ ലോക്സഭയുടെ പത്താം സ്പീക്കറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പാട്ടീൽ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ് രാജിവെച്ചത്.
ഇന്ദിരാഗാന്ധി രാജീവ്ഗാന്ധി മന്ത്രിസഭകളിൽ പ്രതിരോധം,വാണിജ്യം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ സുപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്തു. ലാത്തൂരിൽ നിന്ന് ഏഴുതവണ ലോക്സഭാംഗമായും തിരഞ്ഞെടുക്ക പ്പെട്ടു. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് പ്രകടനപത്രിക സമിതിയുടെ അധ്യക്ഷനായിരുന്നു.2010 മുതല്‍ 2015 വരെ പഞ്ചാബ് ഗവർണറായും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റായും ശിവരാജ് പാട്ടീൽ പ്രവർത്തിച്ചിട്ടുണ്ട്. ലാത്തൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ നേതൃസ്ഥാനത്ത് നിന്നാണ് പാട്ടീല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. പരന്ന വായനയും ആഴത്തിലുള്ള വിശകലനവും ആശയവിനിമയത്തിലെ കൃത്യതയും പാട്ടീലിനെ വ്യത്യസ്തനാക്കി. മറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ അസാമാന്യ പ്രാവീണ്യമുണ്ടായിരുന് പാട്ടീല്‍ ഭരണഘടനാവിഷയങ്ങളിലും വൈദഗ്ധ്യം പുലര്‍ത്തിയിരുന്നു.