ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാന വിവാഹിതയാകുന്നു
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാന വിവാഹിതയാകുന്നു. സംഗീതസംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ പലാഷ് മുഛലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സ്ഥിരീകരിച്ച് മന്ദാന. സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് മന്ദാന തന്റെ വിവാഹനിശ്ചയം ആരാധകരെ അറിയിച്ചത്. 2006-ൽ പുറത്തിറങ്ങിയ ‘ലഗേ രഹോ മുന്നാഭായി’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ സഹതാരങ്ങളായ ജെമിമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, അരുന്ധതി റെഡ്ഡി എന്നിവർക്കൊ പ്പം ഡാൻസ് ചെയ്തുകൊണ്ടാണ് വീഡിയോയിൽ മന്ദാന പ്രത്യക്ഷപ്പെടുന്നത്. വീഡിയോയുടെ അവസാന ഭാഗത്ത് മന്ദാന ക്യാമറയ്ക്ക് നേരെ കൈ ഉയർത്തി തൻ്റെ വിവാഹനിശ്ചയ മോതിരം കാണിക്കുകയായിരുന്നു. അതേസമയം നവംബർ 23 ന് വിവാഹിതരാകാൻ പോകുന്ന ദമ്പതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദന സന്ദേശം അയച്ചു.
ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരു ന്നു. അടുത്തിടെ മന്ദാന ഉടന്‍തന്നെ ഇന്ദോറിന്റെ മരുമകളാകുമെന്നായിരുന്നു പലാഷ് മുഛല്‍ സ്റ്റേറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പ്രതികരിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചു. കൂടാതെ കുടുംബ ചടങ്ങുകളിലും വിനോദയാത്രകളിലും മന്ദാനയും പലാഷും ഒരുമിച്ച് കാണാറുണ്ട്. ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന് കൂടിയാണ് പലാഷ്. 2014-ൽ ‘ധിഷ്കിയൂൺ’ എന്ന ചിത്രത്തിലൂടെ ഗായകനായാണ് പലാഷ് തൻ്റെ ബോളിവുഡ് ജീവിതം ആരംഭിച്ചത്. ‘ഖേലൻ ഹം ജീ ജാൻ സേ” എന്ന ചിത്രത്തിലും അഭിനയിച്ചു. കൂടാകെ ‘എൻ്റർടൈൻമെൻ്റ് കേ ലിയേ കുച്ച് ഭി കരേഗാ’, ‘ശബാഷ് ഇന്ത്യ’ എന്നീ റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്കാരവും പലാഷ് നേടിയിട്ടുണ്ട്.