മുഖ്യമന്ത്രിയുടെ അതിവേഗ റെയിൽ നിലപാടിനെ അഭിനന്ദിച്ച് തളിപ്പറമ്പ ചേംബർ ഓഫ് കോമേഴ്സ്
തളിപ്പറമ്പ്: ചേംബർ ഓഫ് കൊമേഴ്സിന്റെ ജനറൽ ബോഡി യോഗം ചേംബർ ഓഫീസിൽ നടന്നു. ജനറൽ സെക്രട്ടറി മിൻഹാജ് ജെ.ആർ. സ്വാഗതം ആശംസിച്ചു. ചേംബർ പ്രസിഡന്റ് സി. അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മുൻ ഐ.എം.എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ ഭാവി ഗതാഗത വികസനത്തിനും സമഗ്ര സാമ്പത്തിക പുരോഗതിക്കും സഹായകമാകുന്ന അതിവേഗ റെയിൽ പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിക്കുകയും പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വം നൽകുകയും ചെയ്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച് യോഗം പ്രമേയം പാസാക്കി.വടക്കൻ കേരളത്തിലെ പ്രധാന വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ, തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ തളിപ്പറമ്പിനെ നിർദ്ദിഷ്ട അതിവേഗ റെയിൽ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.തളിപ്പറമ്പിനെ അതിവേഗ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ പി. കെ. സുബൈർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച തുറന്ന കത്തിൽ മുന്നോട്ടുവച്ച ആവശ്യങ്ങളെയും നിർദ്ദേശങ്ങളെയും യോഗം പൂർണമായി പിന്തുണയ്ക്കുന്നതായും അറിയിച്ചു.നിലവിൽ മുണ്ടയാട് വരെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അതിവേഗ റെയിൽ പാത തളിപ്പറമ്പ് വരെ നീട്ടുന്നതിനുള്ള സാധ്യത സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും, തളിപ്പറമ്പിനെ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ തളിപ്പറമ്പിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. വ്യാപാര മേഖലയിലെ നിലവിലെ സാഹചര്യങ്ങളും തളിപ്പറമ്പിന്റെ വികസന സാധ്യതകളും സംബന്ധിച്ച് ഡോ. ജോസഫ് ബെനവൻ സംസാരിച്ചു.സഹീർ പാലക്കോടൻ നന്ദി രേഖപ്പെടുത്തി.